Monday 17 March 2014

നല്ല നിലാവും നക്ഷത്രങ്ങളുമുള്ള ആകാശത്തേക്ക് നോക്കി കിടക്കാൻ എന്ത് രസമാണ്...

കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ എന്റെ വീട്ടിലെ ടെറസ്സിൽ ഒരു പായ വിരിച്ച് ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു.

ഏകദേശം പൂർണ്ണനായ  ചന്ദ്രനായിരുന്നു ആകാശത്തിൽ ഇന്ന് ഉണ്ടായിരുന്നത്. കൂടെ കൂട്ടിനായി നിറയെ നക്ഷത്രങ്ങളും..നല്ല പാൽ  നിലാവും.. 
ആകെ കൂടി നല്ലൊരു അന്തരീക്ഷം..

ഈ ആകാശത്തിലേക്ക് നോക്കിയാണ് ഇന്നത്തെ ദിവസത്തെ കണക്കെടുപ്പ് ഞാൻ നടത്തിയത്.. ഇന്നുണ്ടായ സന്തോഷങ്ങളും ദുഖങ്ങളുമെല്ലാം...

നമ്മുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റുകൾ  മനസ്സിലാക്കാനും ഇനി മേലിൽ അത് ആവർത്തിക്കില്ല  എന്ന് സ്വയം പ്രതിജ്ഞ എടുക്കാനും  അതുപോലെ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാനുണ്ടെങ്കിൽ  അതെല്ലാം ആലോചിച്ചു തീരുമാനമെടുക്കാനുമോക്കെയാണ് ഞാൻ ഇത്തരം വേളകൾ വിനിയോഗിക്കുക.

ഇന്നും അങ്ങനെ ആകാശത്തേക്ക് നോക്കി കിടന്നപ്പോൾ ഞാൻ ഓർത്തു - ഇപ്പോൾ രാത്രി ആയിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഇതുപോലെ ഈ ആകാശവും ഇവിടെ കാണുന്ന ഈ ചന്ദ്രനും  ഈ നക്ഷത്രങ്ങളും കാണുമല്ലോ എന്ന്.. എന്തൊരു അത്ഭുതമാണല്ലേ ഈ പ്രപഞ്ചം..

ഈ നക്ഷത്രമണ്ഡലംത്തിൽ എവിടെയെങ്കിലുമൊക്കെ നമ്മെപ്പോലുള്ള മനുഷ്യർ  ഉണ്ടായിക്കൂടെന്നില്ലല്ലോ. ചിലപ്പോൾ  നമ്മെക്കാൾ മികച്ചവർ .

ഇതൊന്നുമറിയാതെയാണ്  അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെയാണ് നാം ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പദവികളുടെയും  പേരിൽ  വെറുതെ കിടന്നു കടിപിടി കൂടുന്നത്.. 


 "അനന്തമജ്ഞാതമവര്‍ണനീയം 
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടോരിടതിരുന്നു
നോക്കുന്ന  മര്‍ത്യന്‍ കഥയെന്തറിഞ്ഞു? "